അനുഭവക്കുറിപ്പ് - എങ്ങനെ സ്നേഹിക്കാതിരിക്കും ❤️

എങ്ങനെ സ്നേഹിക്കാതിരിക്കും
ഇന്നലെ കൂട്ടിവെച്ച കുറേ അധികം വേദനകളുമായി പ്രഭാതത്തില്‍ ഞാന്‍ ഉണര്‍ന്നു. ആ വേദനകളുമായി കുറച്ചു നിമിഷങ്ങള്‍ തള്ളി നീക്കി. എന്റെ മനസ്സിന്റെ ഭാരം കുറക്കുവാനും, ശരീരത്തിന്റെ ഉന്മേഷത്തിനായും തെരുവിലേക്ക് നടക്കാനിറങ്ങി. സാധാരണയില്‍ കവിഞ്ഞ ഒരു കാഴ്ചകളും തെരുവിലില്ലായിരുന്നു. തമിഴ് തെരുവിനെ അലങ്കരിച്ചുകൊണ്ടു പാതയുടെ ഇരുപുറങ്ങളിലും നില്‍ക്കുന്ന പച്ചപ്പശിമയാര്‍ന്ന വൃക്ഷങ്ങളും, ചെടികളും. ചുവപ്പും, മഞ്ഞയും, റോസ് നിറങ്ങളിലുമുള്ള പൂക്കളും, അങ്ങിങ്ങ് തന്റെ പ്രഭാവത്തെ വേറിട്ട്‌ തെളിയിച്ചുകൊണ്ട് വെള്ളനിറ പൂക്കളും. പ്രഭാതത്തില്‍ നനുത്ത തലോടലുമായി എന്നെ ഇടതടവില്ലാതെ തഴുകികൊണ്ടിരുന്ന കുളിര്‍തെന്നല്‍. ആരും പറയാതെ, ആരുടെ അനുവാദത്തിനും കാത്തിരിക്കാതെ എല്ലാറ്റിനെയും - മനുഷ്യരെയും, പക്ഷികളെയും, മൃഗങ്ങളെയും, വൃക്ഷങ്ങളെയും, എന്തിനേറെ തെരുവില്‍ നിരനിരയായ് കിടക്കുന്ന വാഹനങ്ങളിലും - ഒരു പോലെ തന്റെ  സ്വാന്തനം നല്‍കി പ്രഭാതത്തിന്റെ കുളിര്‍മയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും കടന്നു പോയിക്കൊണ്ടേയിരുന്നു. ഉടനെ എന്റെ മനസ്സിന്റെ ഭാരം കുറച്ചു കുറഞ്ഞതുപോലെ തോന്നി. ഈ അനുഭവം എന്റെ ചിന്തകളെ കൊണ്ടെത്തിച്ചത് ദൈവത്തിന്റെ  ഒരോ സൃഷ്ടിക്കും മനുഷ്യന്റെ മനസ്സിനെ സ്പര്‍ശിക്കുവാന്‍ സാധിക്കും എന്ന കണ്ടെത്തെലിലേക്കാണ്. എന്റെ നടത്തത്തിന് വേഗതയും  എനിക്ക് ഉന്മേഷവും ലഭിക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ ചിന്തിച്ചു, ആരും അറിയാതെ ആരോടും പങ്കുവെക്കാതെ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഒളിപ്പിച്ചുവച്ച  വേദനകളെ  വിടുവിക്കുവാന്‍ ദൈവം പ്രഭാതത്തെ ഇത്ര മനോഹരമാക്കിയിരിക്കുന്നുവോ?. എനിക്ക് ചെടികളോടും പ്രഭാതത്തിലെ കുളിര്‍തെന്നലിനോടും അഗാധമായ പ്രണയ ബന്ധം  ഉള്ളതു പോലെ തോന്നി. ഞാന്‍ നടന്നു നീങ്ങി കൊണ്ടിരുന്ന കൊണ്‍ക്രീറ്റ് പാതയും ഇരു വശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന ചെറുതും വലുതുമായ കെട്ടിടങ്ങളും എല്ലാം ദൈവം  മനുഷ്യനില്‍ നിക്ഷേപിച്ച കഴിവുകളുടെ വിവിധ ഭാവഭേദങ്ങള്‍ എന്ന് ഞാന്‍ വിലയിരുത്തി. തമിഴ് തെരുവുകളോട് എനിക്ക് ഏറ്റവും സ്നേഹം തോന്നി. എന്നെ എന്റെ ദൈവത്തോട് അടുപ്പിച്ച്, ദൈവസ്നേഹത്തെ തിരിച്ചറിയുവാന്‍ അവിടുന്ന്‌ തിരഞ്ഞെടുത്ത ഈ ദേശത്തെ ഞാന്‍ എങ്ങനെ സ്നേഹിക്കാതിരിക്കും!
മനുഷ്യനെ എങ്ങനെ സ്നേഹിക്കാതിരിക്കും!
കാറ്റിനെ എങ്ങനെ സ്നേഹിക്കാതിരിക്കും!
കടലിനെ എങ്ങനെ സ്നേഹിക്കാതിരിക്കും!
ചെടികളെ എങ്ങനെ സ്നേഹിക്കാതിരിക്കും!
പൂക്കളെ എങ്ങനെ സ്നേഹിക്കാതിരിക്കും!
മണല്‍തരികളെ എങ്ങനെ സ്നേഹിക്കാതിരിക്കും!
കാര്‍മേഘങ്ങളെ എങ്ങനെ സ്നേഹിക്കാതിരിക്കും!
കുളിര്‍തെന്നലിനെ എങ്ങനെ സ്നേഹിക്കാതിരിക്കും!
നീരോഴുക്കിനെ എങ്ങനെ സ്നേഹിക്കാതിരിക്കും!
നീരുറവകളെ എങ്ങനെ സ്നേഹിക്കാതിരിക്കും!
മാന്‍പേടകളെ എങ്ങനെ സ്നേഹിക്കാതിരിക്കും!
മനുഷ്യന്റെ ചിന്തകളെ എങ്ങനെ സ്നേഹിക്കാതിരിക്കും!
മനുഷ്യനെ സൃഷ്‌ടിച്ച, ഈ പ്രപഞ്ചത്തെ ഇത്ര മനോഹരമായ്‌ സൃഷ്‌ടിച്ച, സൃഷ്ടാവാം ദൈവത്തെ ഞാന്‍ എങ്ങനെ സ്നേഹിക്കാതിരിക്കും!
അതെ അത്യധികമായി  ഞാന്‍ എന്റെ ദൈവത്തെ സ്നേഹിക്കുന്നു, ഈ ഭൂമിയിലെ എല്ലാറ്റിനുമുപരിയായി......

- ബ്ലെസ്സി.

Comments

Post a Comment

Popular posts from this blog

ഓർമ്മ

ചെറുകഥ - അനുഭവപാഠം

ചെറുകഥ - സ്നേഹ ചങ്ങല 💞