ചെറുകഥ - ഭാര്യ👰

ഭാര്യ


പകല്‍ മുഴുവനുമായുള്ള ജോലിഭാരത്തില്‍ നിന്നും അയാള്‍ സന്ധ്യാ വേളയില്‍ ഭവനത്തിലേയ്ക്ക്‌ തിരിച്ച്‌ വന്നു. വീട്ടിലെത്തി അല്പം സമാധാനം കണ്ടെത്താം, അയാള്‍ വിചാരിച്ചു.

അയാള്‍ വീട്ടിലെത്തുമ്പോള്‍ സമയം ഏഴര. വേഗം കുളിച്ചു വാ മക്കളേട്യുഷന് പോയി വന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടികളോടുള്ള  ഭാര്യയുടെ ശകാരം അയാള്‍ ഉച്ചത്തില്‍ കേട്ടു. ഉടനെ പുറത്തു കാലടി ശബ്ദത്തിനായി കാത്തിരുന്നതു പോലെ കോളിംഗ് ബെല്‍ മുഴുങ്ങുന്നതിനു മുന്‍പേ അവള്‍ പുഞ്ചിരിയോടെ വാതില്‍ക്കലെത്തി. ഫ്രെഷായിക്കോളൂ, ഞാന്‍ ചായ കൊണ്ടുവരാംഎന്ന് പറഞ്ഞ് അവള്‍ അകത്തേക്ക് പോയി. അയാള്‍ ഒരു നിമിഷം അവളെ നോക്കി നിന്നിട്ട് മുറിയിലേയ്ക്ക് പോയി. കുളിച്ചു വന്നപ്പോഴേയ്ക്കും ഒരു കപ്പ്‌ ചായയുമായി അവള്‍ വന്നു. ഉടനെ കുട്ടികളെ ഒന്ന് ശ്രദ്ധിച്ചിട്ടു വരാമെന്നു പറഞ്ഞുകൊണ്ടേ അവള്‍ അടുകളയിലേയ്ക്ക് പോയി.

കുട്ടികളുടെ തമാശകളും പരാതികളും ഇടയ്ക്കു കേട്ടു. എട്ടുമണി ആയപ്പോള്‍ അവളുടെ ശബ്ദം, “അത്താഴം റെഡി”. കുട്ടികള്‍ മൂവരും ഊണുമേശയില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു. അയാള്‍ അവളെ അന്ന് പ്രത്യേകമായി ശ്രദ്ധിച്ചു, ഒരാശ്രയത്തിനെന്നവണ്ണം. പക്ഷെ അവള്‍ ഉത്തരവാദിത്ത്വങ്ങളുടെ തിരക്കിലായിരുന്നു. ഊണ് കഴിഞ്ഞ് എല്ലാവരും മുറികളിലേയ്ക്ക് പോയി. അവള്‍ അടുക്കളയിലേയ്ക്കും. രാവിലെ ഭര്‍ത്താവിന് ഇഷ്ടമുള്ള ഇടിയപ്പവും മുട്ടകറിയും, ഉച്ചത്തേയ്ക്കുള്ള വിഭവങ്ങളും  മനസ്സില്‍ കുറിച്ചിട്ടു. എല്ലാം ജോലികളും പൂര്‍ത്തിയാക്കി കിടക്കമുറിയിലെത്തിയപ്പോഴേയ്ക്കും അയാള്‍ തന്റെ ഭാരങ്ങള്‍ മനസ്സില്‍ പേറി തളര്‍ന്നുറങ്ങി കഴിഞ്ഞിരിന്നു.

പ്രഭാതത്തില്‍ അയാള്‍ ഉണരുമ്പോള്‍ അവള്‍  വീണ്ടും തിരക്കിലായിരുന്നു. ഉത്തരവാദ്വിത്തതോടെ ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു.

അവള്‍ ചിന്തിച്ചു, എല്ലാ ജോലികളും ഒതുക്കി ഇന്ന് ഓഫീസിലേയ്ക്ക് അല്പം നേരത്തേ ഇറങ്ങണം. സാധിയ്ക്കുമോ?

അയാള്‍ ചിന്തിച്ചു, എല്ലാ ഭാര്യമാരും ഇങ്ങനെയോ? അയാള്‍ വരാന്തയിലേയ്ക്ക് പോയി. കുറേനേരം ചാരുകസേരയില്‍ ചാരി കിടന്നു.

വിവാഹത്തിന്റെ ആദ്യ നാളുകളിലെ സ്നേഹവും കരുതലും എല്ലാം ഒരു നിമിഷം അയാളുടെ ചിന്തകളിലൂടെ കടന്നു പോയി. ഇന്ന്‍ അത്  നഷ്ടപ്പെട്ടുവോ? ഉടനെ അയാള്‍ തന്റെ ചിന്തകളെ വിലക്കി. കാരണം തനിക്കു വേണ്ടിയാണ് അവളിതെല്ലാം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഒരു നിമിഷം അയാളുടെ ഹൃദയത്തിന്റെ ഭാരം തന്നെ വിട്ടുപോയതായി അയാള്‍ക്കു തോന്നി. ഭാര്യയോടുള്ള സ്നേഹം അയാളുടെ ഹൃദയത്തില്‍ നിറഞ്ഞു.

പുഞ്ചിരിക്കുന്ന മുഖവുമായി അയാള്‍ അവളുടെ അടുത്തേയ്ക്ക് ചെന്നു. അവള്‍ തിരക്കിനിടയിലും അയാളുടെ സാമിപ്യം ആഗ്രഹിച്ചിരുന്നത് പോലെ. അയാളുടെ പുഞ്ചിരി അവളുടെ ഹൃദയത്തെയും നിറച്ചു.          
- ബ്ലെസ്സി.

Comments

Popular posts from this blog

ഓർമ്മ

ചെറുകഥ - അനുഭവപാഠം

ചെറുകഥ - സ്നേഹ ചങ്ങല 💞